തിരുവനന്തപുരം: പിഎംശ്രീ പദ്ധതിയിൽ കെഎസ്യുവിന്റെ നിലപാട് വ്യക്തമാക്കി സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ. പി.എം. ശ്രീ പദ്ധതി സംഘപരിവാറിന്റെ കുഞ്ഞാണെന്നും ഭരണം കിട്ടുമ്പോൾ ഒരു നിലപാടും പ്രതിപക്ഷത്തിരിക്കുമ്പോൾ മറ്റൊരു നിലപാടും സ്വീകരിക്കുന്ന ശൈലി കെഎസ്യുവിനില്ലെന്നും അദ്ദേഹം ഫെയ്സ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.
പിഎംശ്രീ വിഷയത്തിൽ സംസാരിക്കാൻ എസ്എഫ്ഐയ്ക്ക് യാതൊരു ധാർമ്മിക അവകാശവുമില്ലെന്നും എസ്എഫ്ഐ ഒഴികെയുള്ള മുഴുവൻ വിദ്യാർഥി സംഘടനകളെയും സർക്കാർ വിശ്വാസത്തിലെടുക്കണമെന്നും അലോഷ്യസ് ആവശ്യപ്പെട്ടു. പാഠപുസ്തകങ്ങളെയും കലാശാലകളെയും കാവിവൽക്കരിക്കാൻ ബിജെപി ശ്രമിക്കുകയാണ്.
പദ്ധതിയുമായി ബന്ധപ്പെട്ട് മന്ത്രിസഭാ ഉപസമിതിയെ നിയമിക്കാനുള്ള തീരുമാനത്തെ കെഎസ്യു സ്വാഗതം ചെയ്യുന്നു. വിദ്യാർഥി സംഘടനകളെ കേൾക്കാൻ സർക്കാർ തയാറാകണം. കേരള സർക്കാരിനെ വീർപ്പ് മുട്ടിക്കാൻ കേന്ദ്രം തുനിഞ്ഞാൽ കെഎസ്യു എതിർക്കുമെന്നും അദ്ദേഹം പറഞ്ഞു.